തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
എറണാകുളം കാക്കനാട് തൃക്കാക്കരയിൽ യുവാക്കളെ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ പ്രമുഖ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ആക്രമണം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന യുവാക്കളെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.
കാറിൽ നിന്നിറങ്ങിയ സംഘം യുവാക്കളെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺകുമാർ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പരിക്കേറ്റ മറ്റ് രണ്ട് പേരും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
