അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
നെടുമ്പാശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ എയർപോർട്ട് റോഡിലായിരുന്നു നാടിനെ ഞെട്ടിച്ച അപകടം നടന്നത്. എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയ സ്കൂട്ടർ യാത്രികരായ മൂന്ന് പേരെയും അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിക്കുകയായിരുന്നു. അപകടത്തിൽ കർണാടക സ്വദേശി ഇജാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക എന്നിവരാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ വാഹനം നിർത്തിയ കാർ ഡ്രൈവർ സുഹൈൽ സജീവിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ നെടുമ്പാശേരി പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നും, വൈദ്യപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ കഴിയൂ എന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
