സംസ്ഥാനത്ത് പകർച്ചവ്യാധി തടയാൻ മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി മൂന്ന് ദിവസത്തെ ''ഡ്രൈ ഡേ'' നടപ്പാക്കാൻ സർക്കാർ . ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ കലക്ടർമാരുമായും ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഗണിച്ചും രോഗവ്യാപനം നിയന്ത്രിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത കണക്കിലെടുത്തുമാണ് നടപടി.സംസ്ഥാനത്ത് ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ശക്തമായ ജാഗ്രതാ നിർദേശം. ഇന്നലെ മാത്രം എട്ടുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ദിവസേന പതിനായിരത്തിലധികം പേർ പനി ബാധിച്ച് ചികിത്സ തേടുന്നതായും റിപ്പോർട്ടുണ്ട്.മഴ ശക്തമായാൽ ഡെങ്കിപ്പനി, എലി പനി തുടങ്ങിയ രോഗങ്ങൾ കൂടി വർധിക്കാമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയും കൂട്ടായ ശുചീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
