തൃക്കാക്കര മോർഫിംഗ് കേസ്: ടെലഗ്രാമിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; ഗ്രൂപ്പ് അംഗങ്ങൾക്കെതിരെയും നടപടിക്ക് നീക്കം

  1. Home
  2. Kerala

തൃക്കാക്കര മോർഫിംഗ് കേസ്: ടെലഗ്രാമിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; ഗ്രൂപ്പ് അംഗങ്ങൾക്കെതിരെയും നടപടിക്ക് നീക്കം

thrikkakara morphing case


കൊച്ചി തൃക്കാക്കര മോർഫിംഗ് കേസിൽ ടെലഗ്രാമിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പ്രതി സനീഷ് നടത്തിയിരുന്ന പ്രീമിയം ഗ്രൂപ്പ് ഉൾപ്പെടെ നാല് ടെലഗ്രാം ഗ്രൂപ്പുകളുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഗ്രൂപ്പുകളിലെ അംഗങ്ങളെയും അഡ്മിൻമാരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ ഉൾപ്പെടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നവർക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നാല് ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി ടെലഗ്രാമിന് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

പെൺകുട്ടികളുടെ സാധാരണ ചിത്രങ്ങൾ ആദ്യം വ്യക്തികൾക്ക് അയച്ചുനൽകുകയും പിന്നീട് അവയുടെ അശ്ലീല രൂപത്തിലുള്ള ചിത്രങ്ങൾ ലഭ്യമാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി ഗ്രൂപ്പുകളിൽ ചേർക്കുകയുമായിരുന്നു സനീഷിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഗ്രൂപ്പിൽ അംഗമാകാൻ 250 രൂപ വരെ ഈടാക്കിയിരുന്നു.കേസിൽ നിലവിൽ രണ്ട് പേരാണ് അറസ്റ്റിലായത്. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.