തൃശ്ശൂർ സ്ഫോടനം: 14 മരണം, മൂന്ന് പേരെ തിരിച്ചറിഞ്ഞു; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച പന്ത്രണ്ട് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന 12 വെടിപ്പുരകളിൽ 11 എണ്ണവും പൂർണ്ണമായും കത്തിയമർന്നു. സ്ഫോടന സമയത്ത് എത്രപേർ ഉള്ളിലുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തുടർച്ചയായ പൊട്ടിത്തെറികൾ ഉണ്ടായതിനെത്തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഡ്രോണുകൾ ഉപയോഗിച്ചും സമീപത്തെ കുളത്തിൽ സ്കൂബാ ഡൈവർമാരുടെ നേതൃത്വത്തിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാളെ രാവിലെ ഫയർഫോഴ്‌സിന്റെ റോബോട്ടിനെയും കെഡാവർ നായകളെയും ഉപയോഗിച്ച് കൂടുതൽ വിപുലമായ തിരച്ചിൽ നടത്തും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെ.സി വേണുഗോപാൽ തുടങ്ങിയവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
