തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ ഉഗ്രസ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു

  1. Home
  2. Kerala

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ ഉഗ്രസ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു

THRISSUR


തൃശ്ശൂരിലെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 12 പേർ മരിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. തൃശ്ശൂർ ആർ.ഡി.ഒയ്ക്കാണ് അന്വേഷണ ചുമതല. സ്ഫോടനത്തിന്റെ കാരണം, സുരക്ഷാ വീഴ്ചകൾ എന്നിവ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിക്കേറ്റ 23 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

അപകടസമയത്ത് 30-ലധികം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ പരിക്കേറ്റ് ചികിത്സയിലാണ്. സ്ഫോടനത്തെത്തുടർന്ന് പ്രദേശം പൂർണ്ണമായും തകർന്നു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര ഇടപെടൽ നടത്തുകയും പരിക്കേറ്റവർക്ക് സൗജന്യവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ, ആരോഗ്യ വകുപ്പുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സഹായങ്ങൾക്കും വിവരങ്ങൾക്കുമായി 8075011853 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.