തൃത്താല സ്കൂൾ വെടിവെപ്പ്; കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി എത്തിയതെന്ന് എംഎൽഎ ടി.എം. ശശി
പാലക്കാട് തൃത്താല പരുതൂർ സ്കൂൾ വെടിവെപ്പിൽ സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വിദ്യാർഥി തോക്കുമായെത്തിയതെന്ന വിവാദ പരാമർശവുമായി ടി.എം. ശശി എംഎൽഎ. അബദ്ധത്തിൽ വെടിയേറ്റതല്ലെന്നും കൊലപ്പെടുത്താൻ തന്നെയാണ് കുട്ടി തോക്കുമായി സ്കൂളിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പഴമ്പാലക്കോട് എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
അതേസമയം, കേസിൽ അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അടുത്ത മാസം അഞ്ച് വരെ കുട്ടിയെ കോഴിക്കോട് വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടു.സഹപാഠിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട തൃത്താല പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അതിനിടെ, ലൈസൻസില്ലാത്ത നാടൻ തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെയും പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
