എറണാകുളത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിലും മാറ്റം
എറണാകുളം വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്നിൽ ഇടിമിന്നലേറ്റ് നിരവധി വീടുകൾക്ക് കനത്ത നാശനഷ്ടം. പത്തോളം വീടുകളിലാണ് നാശനഷ്ടമുണ്ടായത്. വീട്ടുപകരണങ്ങളും വൈദ്യുതി വയറിങ്ങും കത്തിനശിച്ചതിന് പുറമെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അമ്പാട്ട് സാറാമ്മ വർഗീസിന്റെ വീട്ടിലെ വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. വീടിന്റെ മുറ്റത്തെ ടൈലുകൾ പൊട്ടിത്തെറിച്ച് സമീപത്തെ വീടുകളിലേക്ക് തെറിക്കുകയും ചെയ്തു.
അതിനിടെ, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വീണ്ടും മാറ്റം വരുത്തി. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒക്ടോബർ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 7 മുതൽ 9 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
