കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിയടക്കം മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

  1. Home
  2. Kerala

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിയടക്കം മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

kottarakkara accident


കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സ്കൂൾ വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മണ്ണ് കയറ്റി അമിത വേഗതയിൽ ഇറക്കം ഇറങ്ങി വന്ന ലോറി ആദ്യം ഒരു ബൈക്കിൽ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

ഇടിഞ്ഞുവീണ ബസ് സ്റ്റോപ്പിന്റെയും സമീപത്തെ മതിലിന്റെയും അവശിഷ്ടങ്ങൾക്കും ലോറിയിലുണ്ടായിരുന്ന മണ്ണിനും അടിയിലായാണ് ആളുകൾ കുടുങ്ങിയത്. രാവിലെ ഏഴ് മണിയുടെ ബസ് കാത്ത് പതിവിലും കൂടുതൽ ആളുകൾ ഇന്ന് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ബസ് വരാൻ വൈകിയതിനാൽ വിദ്യാർത്ഥികളടക്കം പതിനഞ്ചോളം പേർ സംഭവസമയത്ത് ഇവിടെ നിന്നിരുന്നതായി നാട്ടുകാർ വ്യക്തമാക്കി. കുട്ടികൾ നിന്നിരുന്ന ഭാഗത്തേക്കാണ് ലോറി പ്രധാനമായും ഇടിച്ചുകയറിയത്. ലോറിയുടെ അമിത വേഗതയും മറ്റ് സാങ്കേതിക തകരാറുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസും ജില്ലാ കളക്ടറും അറിയിച്ചു.