മുൻവൈരാഗ്യത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തി; താമിർ ജെഫ്രിയുടെ മരണത്തിൽ ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

  1. Home
  2. Kerala

മുൻവൈരാഗ്യത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തി; താമിർ ജെഫ്രിയുടെ മരണത്തിൽ ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

Tanur custodial death


താനൂരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച താമിർ ജെഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജൻ തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയതാണെന്ന് പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷിനെതിരെയാണ് പൊലീസിന്റെ റിപ്പോർട്ട്. 

അമിത ലഹരി ശരീരത്തിലെത്തിയതും, ഹൃദ്രോഹവുമാണ് താമിറിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ ബോധപൂർവം എഴുതി ചേർത്തു. ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പൊലീസിന്റെ ചോദ്യം.

അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ ഹിതേഷ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് തയ്യാറാവാതിരുന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സർജനെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഈ സാഹചര്യത്തിൽ വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടും.

താമിർ ജിഫ്രി മരണവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്.

ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവിൽ  ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെയാണ് ഇത്‌ സാരമായി ബാധിച്ചത്.