ഇന്ന് ചട്ടമ്പി സ്വാമി ജയന്തി; സമത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വക്താവിനെ ഓർത്ത് നാട്
ഇന്ന് ചട്ടമ്പി സ്വാമി ജയന്തി. ജാതിയിലെ ശ്രേഷ്ഠതയല്ല, മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നതെന്ന് പഠിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു ചട്ടമ്പി സ്വാമികൾ. നവോത്ഥാന കേരളത്തിലെ പുരോഗമന ചിന്തയുടെ തുടക്കക്കാരിലൊരാളായിരുന്ന അദ്ദേഹം ജാതിയോ വംശമോ അല്ല, ജിജ്ഞാസയാണ് അറിവിന്റെ ആധികാരികത നിർണയിക്കുന്നതെന്ന് പ്രഖ്യാപിച്ചു.
സാമൂഹിക അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ചട്ടമ്പി സ്വാമികൾ മനുഷ്യസ്‌നേഹത്തിലും സമത്വത്തിലും അധിഷ്ഠിതമായ സമൂഹമാണ് ലക്ഷ്യമിട്ടത്. സ്ത്രീപുരുഷ സമത്വം, സാർവത്രിക വിദ്യാഭ്യാസം തുടങ്ങിയ കേരള സമൂഹം അക്കാലത്ത് കാര്യമായി ചർച്ച ചെയ്യാതിരുന്ന വിഷയങ്ങൾ അദ്ദേഹം ധീരമായി പൊതുവേദികളിൽ അവതരിപ്പിച്ചു.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും നിലപാടെടുത്ത ചട്ടമ്പി സ്വാമികളുടെ ആശയങ്ങൾ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അറിവിനും സമത്വത്തിനും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും പ്രസക്തമാണ്.
