ഇന്ന് ഗ്രന്ഥശാലാദിനം ; സംസ്ഥാനത്തെ ലൈബ്രറികൾ ഇനി 'പബ്ലിക്' പ്ലാറ്റ്‌ഫോമിലേക്ക്
സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലുള്ള ഗ്രന്ഥശാലകളുടെ പ്രവർത്തനം കംപ്യൂട്ടർവത്കരിച്ച് ഡിജിറ്റലാക്കുന്നതിനുള്ള ‘പബ്ലിക്’ (PUBLIC) പ്ലാറ്റ്‌ഫോം യാഥാർഥ്യമാകുന്നു. ഗ്രന്ഥശാലാദിനമായ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 3,286 ലൈബ്രറികൾക്ക് പ്ലാറ്റ്‌ഫോമിന്റെ സേവനം ലഭ്യമായിത്തുടങ്ങും. പുസ്തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ആദ്യഘട്ടത്തിൽ നൽകിയ ലൈബ്രറികൾക്ക് യൂസർ ഐ.ഡി.യും പാസ്‍വേർഡും നൽകുന്നതോടെ പുസ്തകവിതരണം പൂർണ്ണമായും ഓൺലൈനിലേക്ക് മാറും.
പുസ്തകശേഖരത്തിന്റെ 50 ശതമാനമെങ്കിലും ഡാറ്റ എൻട്രി പൂർത്തിയാക്കിയ ലൈബ്രറികൾക്കാണ് നിലവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൗൺസിലിന് കീഴിലുള്ള എണ്ണായിരത്തിലധികം ലൈബ്രറികളിൽ ബാക്കിയുള്ളവയ്ക്ക് ഘട്ടംഘട്ടമായി സൗകര്യമൊരുക്കും. മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുസ്തകങ്ങളുടെ കാറ്റലോഗ്, അംഗത്വ വിതരണം, പുസ്തകങ്ങൾ നൽകലും തിരികെ വാങ്ങലും എന്നിവ ആദ്യഘട്ടത്തിൽ ഓൺലൈനാകും. ഇതോടെ ഒരു വായനക്കാരന് തനിക്ക് ആവശ്യമുള്ള പുസ്തകം നിലവിലുള്ളത് ഏത് ലൈബ്രറിയിലാണെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഭാവിയിൽ അക്കൗണ്ടുകളും ലൈബ്രറികളിലെ പരിപാടികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പബ്ലിക് വഴി നിയന്ത്രിക്കാനാണ് പദ്ധതി.
