ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ, ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

  1. Home
  2. Kerala

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ, ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

vijayadashami


വിജയദശമി ദിനത്തിൽ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കാൽവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ. പൂജവെയ്പ്പിനു ശേഷം ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും ആത്മീയ-സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ പ്രൗഢ ഗംഭീരമായി പുരോഗമിക്കുകയാണ്.

മലപ്പുറം തിരൂർ തുഞ്ചൻപറമ്പിൽ പുലർച്ചെ അഞ്ചോടെ എഴുത്തിനിരുത്ത് ചടങ്ങുകൾക്ക് തുടക്കമായി. പ്രമുഖ സാഹിത്യകാരന്മാരും പാരമ്പര്യ എഴുത്താശാൻമാരും കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിക്കുന്നു. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പറവൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പനച്ചിക്കാട് 40 ഗുരുക്കന്മാരുടെ നേതൃത്വത്തിൽ വൈകിട്ട് നാല് മണി വരെ ചടങ്ങുകൾ തുടരും.

തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം തുടങ്ങിയ പ്രമുഖ ആരാധനാലയങ്ങളിലും വിദ്യാരംഭത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പുലർച്ചെ നാല് മണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിൽ ആയിരക്കണക്കിന് മലയാളികളാണ് കുട്ടികളെ എഴുത്തിനിരുത്താൻ എത്തിച്ചേർന്നത്. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.