'ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നു'; പടിയിറങ്ങും മുന്പ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സാംബശിവ റാവു
ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചുമതലയിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ മാസപ്പടിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഇരുവരും അഴിമതി നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് അദ്ദേഹം സർക്കാരിന് റിപ്പോർട്ട് കൈമാറി.
ഇരുവരും വിവിധ ബാറുകളിൽ നിന്ന് സ്ഥിരമായി മാസപ്പടി വാങ്ങിയതായും, ലൈസൻസ് പുതുക്കി നൽകുന്നതിന് ഇടനിലക്കാരായി നിന്ന് വൻതുക കൈക്കൂലി ഈടാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ബെനാമി ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തലുണ്ട്. ഇതിന്റെ വെളിച്ചത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകൾക്ക് സാധ്യതയുള്ള പ്രധാന പദവികളിലൊന്നും ഇവരെ നിയമിക്കരുതെന്നും കമ്മീഷണറുടെ നിർദേശമുണ്ട്.
സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ വിനോദ് ബാറുടമകളിൽ നിന്ന് അരലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയതിന്റെ ബാങ്ക് രേഖകൾ അടക്കം തെളിവായി ലഭിച്ചിട്ടുണ്ട്. മുൻപ് പാലക്കാട് അണക്കപ്പാറയിലെ വ്യാജക്കള്ള് കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് ഓണക്കാലത്ത് ബാറുകളിൽ നിന്ന് പിരിവ് നടത്തിയതായും കള്ളുഷാപ്പ് ലൈസൻസിന്റെ മറവിൽ ക്രമക്കേട് നടത്തിയതായും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
