ട്രെയിൻ ടിക്കറ്റ് ഓൺലൈനായെടുക്കുന്നയാളാണോ?; എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ചറിയണം

  1. Home
  2. Kerala

ട്രെയിൻ ടിക്കറ്റ് ഓൺലൈനായെടുക്കുന്നയാളാണോ?; എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ചറിയണം

VANDE BHARATH


ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ കാൻസൽ ചെയ്യാൻ ശ്രമിച്ച് നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ പണം നഷ്ടപ്പെട്ട കേസിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. സേവിംഗ്‌സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി 4,50,919 രൂപയാണ് 60 കാരന് നഷ്ടമായത്. സംഭവത്തെത്തുടർന്ന് കൂടുതൽ പണം നഷ്ടപ്പെടരുതെന്ന് കരുതി ഫോണിലെ ഡാറ്റ മുഴുവൻ ഇയാൾ ഫോർമാറ്റ് ചെയ്‌തെന്നും അത് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബർ പൊലീസ് വ്യക്തമാക്കി. സൈബർ പൊലീസ് എസ്.ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

3 രഹസ്യ കോഡുകളും രണ്ട് ഒ.ടി.പി കോഡും ഉൾപ്പെടെയുള്ള സുരക്ഷ മറികടന്നുള്ള തട്ടിപ്പ് ആദ്യത്തേതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്. ഷൊർണൂരിലേക്ക് പോകാനായാണ് ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ യാത്ര കാൻസൽ ചെയ്യേണ്ടിവരികയായിരുന്നു. തുടർന്ന് ടിക്കറ്റ് കാൻസൽ ചെയ്തു. കാൻസൽ ചെയ്ത തുകയായി 300 രൂപ അക്കൗണ്ടിലെത്തുകയും ബാക്കി പണത്തിനായി ഇയാൾ ഇന്ത്യൻ റെയിൽവെയുടെ അംഗീകൃത സൈറ്റായ ഐ.ആർ.സി.ടി.സി സൈറ്റിൽ കയറി. ശേഷം ലഭ്യമായ സൈറ്റിൽ പ്രവേശിച്ചപ്പോൾ ഒരു ടോൾ ഫ്രീ നമ്പർ ലഭിക്കുകയും നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് അവർ ഒരു വെബ്‌സൈറ്റ് അയച്ചു നൽകുകയും റെസ്റ്റ് ഡെസ്‌ക് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇതിൽ ആവശ്യപ്പെട്ട ഒ.ടി.പി നമ്പറുകൾ നൽകിയതിന് പിന്നാലെ ടിക്കറ്റ് കാൻസൽ ചെയ്ത പണം അക്കൗണ്ടിൽ തിരിച്ചെത്തിയതായി മെസേജും വന്നു.

അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 50,000 രൂപ പിൻവലിച്ചതായി കണ്ടത്, പിന്നാലെ മെസേജും വന്നു. സെക്കൻഡുകൾക്കകം വീണ്ടും 50,000 രൂപ കൂടി പിൻവലിക്കപ്പെട്ടു. ഉടൻ ബാങ്കിലെത്തി മാനേജർക്ക് പരാതി നൽകി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 4 തവണയായി സ്ഥിര നിക്ഷേപത്തിലെ 4,50919 നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.