"എന്റെ കാലശേഷമായിരിക്കും സത്യങ്ങൾ പുറത്തുവരിക"; പ്രസക്തമായി ഉമ്മൻ‌ചാണ്ടി തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ

  1. Home
  2. Kerala

"എന്റെ കാലശേഷമായിരിക്കും സത്യങ്ങൾ പുറത്തുവരിക"; പ്രസക്തമായി ഉമ്മൻ‌ചാണ്ടി തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ

Oomen chandy


സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. റിപ്പോർട്ട് സംബന്ധിച്ച് രാഷ്ട്രീയപ്പോര് ശക്തമാകുമ്പോൾ അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ പ്രസക്തമാകുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ ‘കാലം സാക്ഷി' എന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ ഒരു ഭാഗമാണ് ശ്രദ്ധനേടുന്നത്.

"തെറ്റുചെയ്തില്ലെങ്കിൽ ആശങ്കവേണ്ടാ, അവസാനവിജയം നമുക്കായിരിക്കും. സത്യം ഓരോന്നായി പുറത്തുവരികയാണ്. ഇനിയും പലതും തെളിഞ്ഞുവരാനുണ്ട്. ചിലപ്പോൾ അത് എന്റെ കാലശേഷമായിരിക്കും. എന്തായാലും സത്യത്തെ സംശയത്തിന്റെ പുകമറയിൽ എക്കാലവും ഒളിച്ചുവെക്കാനാവില്ല'- എന്നാണ് ഉമ്മൻചാണ്ടി എഴുതിയത്.

"എറണാകുളം ഗസ്റ്റ് ഹൗസിൽ സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ കാണാൻവന്നത് നിയമസഭയിൽ വിഷയം കത്തിച്ചുനിർത്തിയ പ്രതിപക്ഷത്തിന് പുതിയ ആയുധമായിരുന്നു. എന്താണ് സംസാരിച്ചതെന്നു പറയാൻ തനിക്കുമേൽ സമ്മർദമുണ്ടായി. നിശ്ശബ്ദത കുറ്റസമ്മതമെന്ന വ്യാഖ്യാനത്തിന് ബലമേകി."

"ബിജു രാധാകൃഷ്ണൻ സോളാർ കേസിലെയും കൊലക്കേസിലെയും പ്രതിയാണെന്നു അപ്പോൾ അറിഞ്ഞിരുന്നില്ല. രാധാകൃഷ്ണൻ പറഞ്ഞതുകേട്ട് ഞെട്ടിപ്പോയി. തന്റെ സഹപ്രവർത്തകനെക്കുറിച്ചു പറഞ്ഞ ഗുരുതരമായ ആരോപണങ്ങൾ വെളിപ്പടുത്തി അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമുണ്ടാക്കേണ്ടെന്നു തീർച്ചപ്പെടുത്തിയിരുന്നു"-  ഉമ്മൻചാണ്ടി എഴുതി.

പിണറായിയുടെ തമാശയും വിശേഷപ്പെട്ട കമ്മിഷനും

"അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കുമുന്നിൽ മുട്ടുമടക്കില്ലെന്നായപ്പോൾ സി.പി.എം. കായികമായി നേരിട്ടു. അതാണ് കണ്ണൂരിൽ തന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ കല്ലേറ്. അക്രമം തങ്ങളുടെ രീതിയല്ലെന്നു പിണറായി വിജയൻ പറഞ്ഞത് ഒരുതമാശപോലെ ആസ്വദിച്ചു. തന്നെ അപമാനിക്കാൻ പറ്റിയ അവസരമായി സോളാർ അന്വേഷണ കമ്മിഷനെ പ്രതിപക്ഷം കണ്ടു. തെളിവില്ലാത്ത ആരോപണങ്ങൾ ഉയർത്തി മുൻവൈരാഗ്യവും പകയും തീർക്കാൻ ജസ്റ്റിസ് ശിവരാജൻ കമ്മിഷനെ ഉപയോഗിച്ചു."

"ആറുദിവസങ്ങളിലായി മുപ്പതിലേറെ മണിക്കൂർ തെളിവെടുപ്പിനായി കമ്മിഷനു മുന്നിൽ മുഖ്യമന്ത്രിയായ താൻ ഇരുന്നുകൊടുത്തു. അതിനിടെ അസാധാരണമായ പലതും കമ്മിഷന്റെ പ്രവർത്തനത്തിൽ കണ്ടു. സോളാർ തട്ടിപ്പുകേസിൽ ആർക്കെങ്കിലും സാമ്പത്തികനഷ്ടം ഉണ്ടായെങ്കിൽ ഉത്തരവാദി ടേംസ് ഓഫ് റഫറൻസിലെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. കമ്മിഷന്റെ നടത്തിപ്പിന് ചെലവായ നാലുകോടി രൂപയാണ് നഷ്ടമെന്നു റിപ്പോർട്ടിൽ രേഖപ്പെടുത്തി കമ്മിഷന് പിൻവാങ്ങേണ്ടിവന്നു."

"കുറ്റാരോപിതയുടെ കത്തിന്റെ ആധികാരിത പരിശോധിച്ചില്ല. വിവാദകത്ത് ചവറ്റുകുട്ടയിലായി. കമ്മിഷന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ തനിക്കേതിരേ വിജിലൻസ് കേസും ക്രിമിനൽകേസും എടുക്കുമെന്നായിരുന്നു പിന്നീട് അധികാരത്തിൽവന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. പക്ഷേ, സർക്കാരിന് കോടതികളിൽനിന്നും അന്വേഷണ ഏജൻസികളിൽ നിന്നും തിരിച്ചടികിട്ടി" - ഉമ്മൻ‌ചാണ്ടി ആത്മകഥയിൽ വ്യക്തമാക്കി.