തുവ്വൂർ കൊലപാതകക്കേസിലെ പ്രതി വിഷ്ണുവിനെ കോൺഗ്രസ് പുറത്താക്കി
തുവ്വൂർ കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്. യൂത്ത് കോൺഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരിയാണ് വാർത്താക്കുറിപ്പിലൂടെ ഈക്കാര്യം അറിയിച്ചത്. സംഘടനാപരമായ കാരണങ്ങൾ കാണിച്ച് മെയ് മാസത്തിൽ തന്നെ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.
തുവ്വൂർ കൃഷിഭവനിൽ താല്ക്കാലിക ജീവനക്കാരിയായിരുന്ന സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണു അടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്ന് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തിരുന്നു.
ആഗസ്റ്റ് 11നാണ് കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കാണാതായത്. നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. പിന്നീട് ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞ് ജോലി രാജിവെച്ചു. വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത ജിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കമായി. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റതായാണു വിവരം.