കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; സിനിമാ മേഖലക്ക് ഉൾപ്പെടെ വിതരണം ചെയ്തതായി പൊലീസ്
ലഹരിമരുന്ന് വിതരണം നടത്തിയെന്ന ആരോപണത്തിൽ കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിലായി. ചേരാനല്ലൂർ സ്വദേശിയായ അമൽ ജോർജ് (33), വടക്കേക്കര സ്വദേശി അഭിജിത്ത് (25) എന്നിവരെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.ചേരാനല്ലൂരിലെ ഒരു അപ്പാർട്ട്മെന്റിൽ അർധരാത്രിയിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 14.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
സിനിമാ മേഖലയുമായി ബന്ധമുള്ളവർക്കും കൊച്ചിയിലെ മെഡിക്കൽ പ്രാക്‌ടീഷണർമാർക്കും ഇവർ ലഹരി മരുന്ന് നൽകിയതായാണ് പൊലീസ് പറയുന്നത്. ഇരുവരും മുൻപ് ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും ഇവർ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ഇവരിൽ നിന്ന് ലഹരി വാങ്ങിയവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു .പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.
