കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി അപകടം: രണ്ട് മരണം, എട്ട് പേർക്ക് പരിക്ക്
കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി വൻ ദുരന്തം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർഥിനി പന്നിത്തടം സ്വദേശി റിയ ഫാത്തിമ (18) ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മരണപ്പെട്ട രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ എട്ടുപേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനവും ദൃക്‌സാക്ഷികളുടെ മൊഴിയും വ്യക്തമാക്കുന്നു. വാഹനങ്ങളിൽ തുടർച്ചയായി ഇടിച്ച ബസ് റോഡരികിലെ മതിൽ തകർത്താണ് നിന്നത്.
പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കുന്നംകുളം-തൃശൂർ പാതയിൽ ഉണ്ടായ ഗതാഗത തടസ്സം പൊലീസ് ഇടപെട്ട് വാഹനങ്ങൾ മാറ്റിയ ശേഷമാണ് പരിഹരിച്ചത്.
