ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്: 'അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും പൂർത്തിയാക്കിയത് ഒമ്പത് വീടുകൾ മാത്രം'; ടൗൺഷിപ്പ് നിർമാണം വൈകുന്നതിൽ സർക്കാറിനെതിരെ പിണറായി വിജയൻ
ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട് തികയുന്ന വേളയിൽ, ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ യു.ഡി.എഫ് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം, എൽ.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച ടൗൺഷിപ്പ് പദ്ധതിയുടെ നിലവിലെ അവസ്ഥ അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 410 വീടുകളിൽ 308 എണ്ണത്തിന്റെ വാർപ്പ് പൂർത്തിയാക്കുകയും ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും വെറും ഒമ്പത് വീടുകളുടെ വാർപ്പ് മാത്രമാണ് പൂർത്തിയാക്കിയത്. നിലവിൽ 149 കുടുംബങ്ങളാണ് സ്വന്തം വീടിനായി ഇനിയും കാത്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ അനാവശ്യ സ്ഥലംമാറ്റവും ഏകോപനമില്ലായ്മയുമാണ് പദ്ധതിയുടെ വേഗം കുറച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സർവവും നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാതെ ടൗൺഷിപ്പ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
2024 ജൂലൈ 30-നാണ് നാടിനെ നടുക്കിയ ചൂരൽമല-മുണ്ടക്കൈ ദുരന്തം നടന്നത്. ദുരന്തത്തിൽ 330 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
