യുഎഇയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; സ്ത്രീകൾ മാത്രമുള്ള യാത്രകൾ 18 ശതമാനം ഉയർന്നു
യുഎഇയിൽ സ്ത്രീകൾ മാത്രമുള്ള വിനോദ-ബിസിനസ് യാത്രകളിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി യാത്രാ രംഗത്തെ വിദഗ്ധർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം യാത്രകളിൽ 18 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജോലി, ബിസിനസ്സ് ആവശ്യങ്ങൾക്കും വിനോദത്തിനുമായി കൂടുതൽ സ്ത്രീകൾ യുഎഇയെ തിരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ത്രീകൾ നയിക്കുന്ന യാത്രകളിൽ ഏകദേശം 18 ശതമാനത്തിന്റെ വളർച്ചയാണ് നിലവിലെ വ്യവസായ സൂചകങ്ങൾ കാണിക്കുന്നതെന്ന് musafir.com ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് റാഷിദ സാഹിദ് വ്യക്തമാക്കി. ഇതിൽ ഒറ്റയ്ക്കുള്ള യാത്രകൾ (Solo Travel) 10 ശതമാനത്തിൽ താഴെയാണെങ്കിലും, സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പ് യാത്രകൾ അതിവേഗം വളരുകയാണ്. പ്രധാനമായും മില്ലേനിയൽ, ജനറേഷൻ സെഡ് (Gen Z) വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണ് ഈ മാറ്റത്തിന് മുന്നിലെന്നും അവർ ചൂണ്ടിക്കാട്ടി.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് വനിതാ യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് അൽഹിന്ദ് ബിസിനസ് സെന്ററിലെ നൗഷാദ് ഹസ്സൻ പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലെ ഉയർന്ന സുരക്ഷാ നിലവാരവും മികച്ച ആതിഥേയത്വവും അന്താരാഷ്ട്ര തലത്തിലുള്ള വനിതാ സഞ്ചാരികൾക്കിടയിൽ വലിയ വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യം കണക്കിലെടുത്ത് സേവന ദാതാക്കൾ വനിതാ യാത്രക്കാർക്കായി പ്രത്യേക പാക്കേജുകളും പിന്തുണയും നൽകുന്നുണ്ട്.
