പാലായില്‍ യുഡിഎഫ് വീണു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

  1. Home
  2. Kerala

പാലായില്‍ യുഡിഎഫ് വീണു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

diya binu


യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതു മുന്നണി (LDF) കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പാർട്ടി വിപ്പ് ലംഘിച്ചെത്തിയ കോൺഗ്രസ് കൗൺസിലർമാരും യു.ഡി.എഫ് പിന്തുണയോടെ വൈസ് ചെയർപേഴ്സണായ വിമത കൗൺസിലർ മായാ രാഹുലും എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് ഭരണം വീണത്.

കോൺഗ്രസ് അംഗങ്ങളായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തി അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. കോൺഗ്രസിന്റെ തന്നെ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നിവർ വിപ്പ് അനുസരിച്ച് യോഗത്തിൽ നിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി സി. കാപ്പന്റെ പാർട്ടിയായ കെ.ഡി.പിയിലെ (KDP) അംഗം പ്രിൻസി സണ്ണിയും യോഗത്തിൽ ഹാജരായില്ല.

നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷ മായാ രാഹുലും അഭിപ്രായവ്യത്യാസത്തിലായതോടെയാണ് ഭരണപക്ഷത്ത് രൂക്ഷമായ ഭിന്നത ഉടലെടുത്തത്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്താണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയവുമായി മുന്നോട്ടുവന്നത്. ആകെ 26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസ്സാകാൻ 14 പേരുടെ പിന്തുണയാണു വേണ്ടിയിരുന്നത്. എൽ.ഡി.എഫിന് സ്വന്തമായി 12 അംഗങ്ങളാണുണ്ടായിരുന്നത്. കോൺഗ്രസ് (6), കേരള കോൺഗ്രസ് (3), സ്വതന്ത്ര മുന്നണി (3), കെ.ഡി.പി (1), മായാ രാഹുൽ (1) എന്നിങ്ങനെ 14 പേരുടെ പിന്തുണയോടെയായിരുന്നു നിലവിൽ യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്.