ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഹെൽത്ത് കമ്മീഷൻ രൂപീകരിച്ച് യുഡിഎഫ്

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനുമായി യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ഡോ. എസ്. എസ് ലാലാണ് സമിതിയുടെ അധ്യക്ഷൻ. അഞ്ചംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ പ്രഥമ റിപ്പോർട്ടും ആറ് മാസത്തിനുള്ളിൽ സമ്പൂർണ റിപ്പോർട്ടും സമർപ്പിക്കും.
സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീർണവും ഗുരുതരവുമായ പ്രശ്നങ്ങൾ പഠിക്കാനും ദീർഘകാല വീക്ഷണത്തോടെയുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനുമാണ് ഇത്തരമൊരു ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താകുറിപ്പിൽ വ്യക്കമാക്കി. അഞ്ച് ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളിലെ പൊതുജനാരോഗ്യ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആഗോള ആരോഗ്യ വിദഗ്ധനായ ഡോ: എസ്.എസ് ലാല.
ലോകാരോഗ്യ സംഘടനയുൾപ്പെടെ വിവിധ യു.എൻ പ്രസ്ഥാനങ്ങളിലും സമാന അന്തർദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ച ഡോ: ലാൽ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാ-പസഫിക് ഡയറക്ടറും, പൊതുജനാരോഗ്യ പ്രൊഫസറും യു.എൻ. കൺസൽട്ടന്റുമാണ്.
പൊതുജനങ്ങളെയും സർക്കാർ ആശുപത്രി ജീവനക്കാരെയും സർക്കാരിതര ആരോഗ്യ പ്രവർത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരിൽ കണ്ട് വിശദമായ തെളിവ് ശേഖരണം നടത്തിയായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക.
യുഡിഎഫ് നിർദ്ദേശിക്കാൻ പദ്ധതിയിടുന്ന ബദൽ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മിഷൻ റിപ്പോർട്ട്. യു.ഡി.എഫ് ആരോഗ്യ രംഗത്ത് രൂപീകരിക്കുന്ന കേരള ഹെൽത്ത് വിഷൻ 2050- ന് അടിസ്ഥാന ശില പാകുന്നതിന് ഈ കമ്മിഷൻ റിപ്പോർട്ട് ഉപയോഗിക്കും.