എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

  1. Home
  2. Kerala

എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

sdpi


പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ കെ.വി. ശ്രീദേവി രാജിവെച്ചു. വർഗീയ പാർട്ടികളുടെ പിന്തുണയോടെയുള്ള ഭരണം വേണ്ടെന്ന യുഡിഎഫ് തീരുമാനത്തെത്തുടർന്നാണ് നടപടി. ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് യുഡിഎഫിനെ പിന്തുണച്ചതെന്നായിരുന്നു എസ്ഡിപിഐയുടെ നിലപാട്.

ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങൾ വീതമാണുള്ളത്. എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികളും എൽഡിഎഫിന് ഒരാളുമാണുള്ളത്. എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എന്നാൽ, ഒരു വർഗീയ ശക്തിയുടെയും പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്ന് രാജിവെച്ച ശേഷം ശ്രീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്ഡിപിഐ, ബിജെപി, സിപിഎം പാർട്ടികളുടെ പിന്തുണയോടെ അധികാരം ലഭിച്ചാൽ ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ കർശന നിർദേശം നൽകിയിരുന്നു. കഴിഞ്ഞ തവണ എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങൽ. പുതിയ സാഹചര്യത്തിൽ പഞ്ചായത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.