ചിറയിൻകീഴിൽ യുഡിഎഫിന് തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളും എൽഡിഎഫിന്
തിരുവനന്തപുരം ചിറയിൻകീഴ് മണ്ഡലത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന മണ്ഡലത്തിലെ വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായത്.സെപ്റ്റംബർ 28നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫിന്റെ എസ്. ബിജിമോൾ 359 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് 599 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഡിവിഷനിലാണ് ഇത്തവണ എൽഡിഎഫ് മുന്നേറ്റം.
മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രമ്യ വി. തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോണ്‍ഗ്രസിന്റെ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്തില്‍ ഇനി ഒറ്റയ്ക്കു ഭരിക്കാവുന്ന നിലയിലേക്ക് എല്‍ഡിഎഫ് എത്തിയിരിക്കുകയാണ്.
നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം രമ്യ ഹരിദാസ് എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളാണെന്ന്, സംഘര്‍ഷത്തില്‍ അച്ചടക്ക നടപടി നേരിട്ട സജാദ് കുറ്റപ്പെടുത്തി.
