സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പത്ത് വർഷത്തിന് ശേഷം ചരിത്ര വിജയത്തോടെ അധികാരം തിരിച്ചുപിടിച്ചു

  1. Home
  2. Kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പത്ത് വർഷത്തിന് ശേഷം ചരിത്ര വിജയത്തോടെ അധികാരം തിരിച്ചുപിടിച്ചു

udf


എല്ലാ രാഷ്ട്രീയ പ്രവചനങ്ങളെയും അപ്രസക്തമാക്കി സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിയെത്തുന്നത്. കൈപ്പത്തി ചിഹ്നത്തിൽ മാത്രം 63 സീറ്റുകൾ നേടി കോൺഗ്രസ് പാർട്ടി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ഇത്തവണ കാഴ്ചവെച്ചു. ഭരണവിരുദ്ധ വികാരം ശക്തമായി ആഞ്ഞടിച്ച വോട്ടെണ്ണൽ ദിനത്തിൽ സർക്കാരിലെ 13 മന്ത്രിമാർ പരാജയത്തിന്റെ കയ്പറിഞ്ഞത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 41 സീറ്റുകളിൽ ഒതുങ്ങിപ്പോയ യുഡിഎഫ്, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ഇത്തവണ സമഗ്രാധിപത്യം പുലർത്തി. മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവൻ സീറ്റുകളും തൂത്തുവാരി യുഡിഎഫ് ചരിത്രം കുറിച്ചു. പത്തനംതിട്ട, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓരോ സീറ്റിലൊഴികെ മറ്റെല്ലായിടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. എൽഡിഎഫ് കോട്ടകളായിരുന്ന പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും അപ്രതീക്ഷിതമായ തിരിച്ചുവരവാണ് മുന്നണി നടത്തിയത്. മുസ്‍ലിം ലീഗിനൊപ്പം കേരള കോൺഗ്രസും മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴും വിജയിച്ച് കേരള കോൺഗ്രസ് മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയം നൽകിയ വലിയ ആത്മവിശ്വാസവുമായാണ് യുഡിഎഫ് ഇത്തവണ പോരാട്ടത്തിനിറങ്ങിയത്. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ശക്തമായ ഭരണവിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിൽ മുന്നണി വിജയിച്ചു. ശബരിമല വിഷയവും സിപിഎമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള ആരോപണങ്ങളും പ്രചാരണ വിഷയമാക്കിയതും ഗുണകരമായി. ഇതിനെല്ലാമുപരി, യുഡിഎഫിന്റെ പ്രകടന പത്രികയിലെ 'ഇന്ദിര ഗ്യാരണ്ടി' പ്രഖ്യാപനം സ്ത്രീ വോട്ടർമാരെയും സാധാരണക്കാരെയും വലിയ തോതിൽ സ്വാധീനിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനതകളില്ലാത്ത ഈ വിജയം കോൺഗ്രസ് പ്രസ്ഥാനത്തിനും യുഡിഎഫ് മുന്നണിക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.