അന്യായ നികുതി ; കർണാടക, തമിഴ്നാട് സർവീസുകൾ നാളെ മുതൽ നിർത്തുമെന്ന് ലക്ഷ്വറി ബസ് ഉടമകൾ
കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ലക്ഷ്വറി ബസ് ഉടമകൾ സർവീസുകൾ നിർത്തലാക്കുന്നു. ഈ സംസ്ഥാനങ്ങൾ അന്യായമായ നികുതിയും പിഴയും ചുമത്തുന്ന സാഹചര്യത്തിലാണ് നവംബർ 10 വൈകീട്ട് ആറ് മുതൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എജെ റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കാനുള്ള നിർബന്ധിത നടപടിയാണിതെന്നും ഭാരവാഹികൾ അറിയിച്ചു.
ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.ഒരു വർഷത്തോളമായി തമിഴ്നാട് അന്യായമായി കേരള വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കുകയാണ്. എന്നാൽ, കേരള സർക്കാർ വളരെ അനുഭാവപൂർണമായ സമീപനമാണെന്നും ഭാരവാഹികൾ പറഞ്ഞു
അതേസമയം പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകൾ പിടിച്ചെടുത്ത് കേരളം വൻതുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി മുതൽ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, പെർമിറ്റ് ലംഘനം നടത്തുന്ന ബസുകൾക്കെതിരേ നടപടി തുടരുമെന്നും കനത്ത പിഴ ഈടാക്കുമെന്നുമാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
