ഏക സിവിൽ കോഡ്: നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

  1. Home
  2. Kerala

ഏക സിവിൽ കോഡ്: നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

Pinarayi Vijayan


ഏക സിവിൽ കോഡ് വിഷയത്തിൽ നിയമസഭയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സിപിഎമ്മും, കോൺഗ്രസും, മുസ്ലിം ലീഗും, സിപിഐയും ഉൾപ്പെടെയുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ സിവിൽ കോഡിനെ എതിർക്കുകയും, പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് അനുമാനം. 
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാമത് സമ്മേളനം ഇന്നാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ പരിഗണിക്കും. ആദ്യ ദിവസം അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരവ് അർപ്പിച്ചിരുന്നു. പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. 
മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും. മിത്ത് വിവാദത്തിൽ സ്പീക്കർ തിരുത്തണമെന്ന നിലപാടിൽ ഊന്നിയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. എന്നാൽ സഭയിൽ സ്പീക്കറെ ബഹിഷ്കരിക്കുന്നതടക്കം യാതൊരു സമരവും നടത്തില്ലെങ്കിലും വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം യുഡിഎഫ് ആയുധമാക്കും.