നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേരള നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം ജനവിധി തേടും. മണ്ഡലത്തിൽ സജീവമായി കേന്ദ്രീകരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചിരുന്നു. അന്ന് മുൻ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു സ്ഥാനാര്‍ഥി. ഇത്തവണ ജോർജ് കുര്യൻ എത്തുന്നതോടെ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
ക്രിസ്ത്യന്‍ വോട്ടുകളില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോട്ടയം കാണക്കാരി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ കുറെ ദിവസങ്ങളായി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കോട്ടയത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ജോർജ് കുര്യനും ബിജെപി നേതൃത്വവും.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ ഒരു മത്സരത്തിനാണ് കാഞ്ഞിരപ്പള്ളി ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
