'അമ്മ'യിൽ ഐക്യശ്രമം; രാജിവെച്ചവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ സജീവം

  1. Home
  2. Kerala

'അമ്മ'യിൽ ഐക്യശ്രമം; രാജിവെച്ചവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ സജീവം

ramesh pisharady


താരസംഘടനയായ 'അമ്മ'യിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനും സംഘടനയെ ശക്തിപ്പെടുത്താനും രാജിവെച്ച അംഗങ്ങളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്ന് രമേഷ് പിഷാരടി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് നിലവിലെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

രാജിവെച്ച അംഗങ്ങളായ ശ്വേതാ മേനോൻ, അൻസിബ, മല്ലികാ സുകുമാരൻ എന്നിവരുമായി നേരിട്ട് സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. കൂടാതെ മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായി വിഷയത്തിൽ ചർച്ച നടത്തിയതായും വ്യക്തമാക്കി. ഓരോരുത്തരും സംഘടന വിട്ടുപോകാൻ കാരണമായ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അഡ്‌ഹോക് കമ്മിറ്റി സാങ്കേതികമായി താൽക്കാലിക സമിതിയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി സ്ഥിരം ഭാരവാഹികളെ കണ്ടെത്തുകയാണ് അതിന്റെ പ്രധാന ഉത്തരവാദിത്തമെന്നും പിഷാരടി പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വളരെ കുറച്ച് അംഗങ്ങളുള്ള സംഘടനയായിട്ടും നിരവധി നല്ല പ്രവർത്തനങ്ങൾ 'അമ്മ' നടത്തിവരുന്നുണ്ടെന്നും, നിലവിലെ സാഹചര്യം സംഘടനയിലെ ഒരംഗമെന്ന നിലയിൽ തനിക്ക് മാനസിക വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങളും തർക്കങ്ങളും പരമാവധി പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുതിയ കമ്മിറ്റിയിൽ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്നും പിഷാരടി വ്യക്തമാക്കി. പാലക്കാടുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്വങ്ങൾ ഉള്ളതിനാലാണ് ഭാരവാഹിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും, എന്നാൽ സംഘടനയുടെ പുരോഗതിക്കായി ആവശ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം അറിയിച്ചു.