വാട്സാപ്പ് സന്ദേശം, പിന്നാലെ വീട്ടിൽ വിചിത്രമായ കാര്യങ്ങൾ; രഹസ്യം ഉടൻ വ്യക്തമാകുമെന്ന് പോലീസ്

  1. Home
  2. Kerala

വാട്സാപ്പ് സന്ദേശം, പിന്നാലെ വീട്ടിൽ വിചിത്രമായ കാര്യങ്ങൾ; രഹസ്യം ഉടൻ വ്യക്തമാകുമെന്ന് പോലീസ്

HOME KOLLAM


കൊല്ലത്ത് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത് പോലെ വീട്ടിൽ വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള പരാതിയിൽ അന്വേഷണം തുടർന്ന് പോലീസ്. സംഭവത്തിന്റെ നിജസ്ഥിതി മൂന്നോ നാലോ ദിവസത്തിനുള്ളിൽ  വ്യക്തമാകുമെന്നും സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊട്ടാരക്കര എസ്.എച്ച്.ഒ. പ്രശാന്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങൾ വന്നത് അവരുടെ അമ്മയുടെ വാട്സാപ്പ് നമ്പറിൽനിന്നാണ്. ഒരുനമ്പറിലുള്ള വാട്സാപ്പ് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം. അതിനപ്പുറം സന്ദേശങ്ങൾക്കനുസരിച്ച് വീട്ടിൽ പല സംഭവങ്ങളും നടക്കുന്നത് എങ്ങനെയാണെന്ന് മനസിലായിട്ടില്ല. ആ വീട്ടിലുള്ളവർക്കോ അവിടെ എത്തുന്നവർക്കോ മാത്രമേ ഈ കാര്യങ്ങളെല്ലാം ചെയ്യാനാകൂ. അവർ പറയുന്ന തെളിവുകളേ ഇതുവരെയുള്ളൂ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ ചിത്രം വ്യക്തമാകും', എസ്.എച്ച്.ഒ. പറഞ്ഞു.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിൽ രാജന്റെ വീട്ടിലാണ് അവിശ്വസനീയമായരീതിയിൽ പല സംഭവങ്ങളും നടക്കുന്നതായി പരാതി ലഭിച്ചിട്ടുള്ളത്. രാജന്റെ ഭാര്യയായ വിലാസിനിയുടെയും മകൾ സജിതയുടെയും ഫോണുകളിൽ അജ്ഞാതന്റെ സന്ദേശം വന്ന ശേഷം കിണറ്റിലെ മോട്ടോറുകൾ പൊട്ടിത്തെറിക്കുക, ഫ്രിഡ്ജ് തകരാറിലാവുക, ടെലിവിഷൻ തകരാറിലാവുക, വൈദ്യുതി വിച്ഛേദിക്കപ്പെടുക, സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുക തുടങ്ങിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവസമയത്ത് ഇടിമിന്നലോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. ഓരോന്നും സംഭവിക്കുന്നതിനു തൊട്ടുമുമ്പ് അപകടം നടക്കുമെന്ന് സൂചിപ്പിച്ച് വാട്സാപ്പിൽ സന്ദേശമെത്തും. വീട്ടിൽ ആരെല്ലാം ഉണ്ടെന്നതും ആരെല്ലാം വന്നുപോകുന്നു എന്നതും വീട്ടിലെ സംഭാഷണ വിഷയങ്ങൾ പോലും സന്ദേശമായി എത്തുന്നതായും കുടുംബം പറയുന്നു.

മോട്ടോർ നിറഞ്ഞുകവിഞ്ഞാൽ അറിയിപ്പെന്ന പോലെ സന്ദേശമെത്തും. ഒരിക്കൽ ടി.വി. പൊട്ടിത്തെറിക്കും എന്നതായിരുന്നു വാട്സാപ്പിലെത്തിയ സന്ദേശം. പിന്നാലെ ടി.വി.യുടെ പിറകിൽനിന്ന് പുകയുയർന്നു. ഇതുപോലെ വീട്ടിലെ സ്വിച്ച് ബോർഡ് കത്തിനശിച്ചെന്നും ഫാൻ പ്രവർത്തനരഹിതമായെന്നും വീട്ടുകാർ പറയുന്നു.

നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലെ വയറിങ്ങിലെ തകരാറാണോ എന്നറിയാൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. പോലീസിലും സൈബർ സെല്ലിലും പലതവണ പരാതിപ്പെട്ടെങ്കിലും കുടുംബ വഴക്കാണെന്നു പറഞ്ഞ് ആദ്യമൊന്നും അന്വേഷണം നടത്തിയില്ലെന്നും ഇവർ പറയുന്നു.

ഭർത്താവുമായി പിണങ്ങി കഴിയുകയാണ് സജിത. ഇവരുടെ ഫോൺ വീട്ടുവളപ്പിലേക്കു കടന്നാലുടൻ തനിയെ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓൺ ആകുകയും ചെയ്യുമെന്നാണ് ആരോപണം. അശ്ലീലസന്ദേശങ്ങളാണ് വാട്സാപ്പിലൂടെ ആദ്യം വന്നിരുന്നത്. ഫോൺ തകരാറാണെന്നു കരുതി ഇതിനകം മൂന്നു ഫോണുകൾ സജിത മാറി. ഫോൺ ആരോ ഹാക്ക് ചെയ്യുന്നുവെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നൊന്നായി നശിച്ചതോടെയാണ് സംഭവം ഗൗരവമായി കണ്ടത്. അതിനിടെ, നാട്ടുകാർ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് സർക്യൂട്ട് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുന്നില്ലെന്നും വീട്ടുകാർ പറയുന്നു.