ഉപ്പുതറ കൊലപാതകം: ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

ഉപ്പുതറ കൊലപാതകം: ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

idukki murder


ഇടുക്കി ഉപ്പുതറയിൽ രജനി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി ആറിന് രജനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സുബിൻ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ജനുവരി ആറിന് വൈകുന്നേരം സ്കൂൾ വിട്ടെത്തിയ ഇളയ മകനാണ് രജനിയെ വീട്ടിനുള്ളിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിരുന്നു. ഉപ്പുതറ എം.സി കവല സ്വദേശികളായ ഇവർക്കിടയിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം.

രജനി മരിച്ച ദിവസം ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നുവെന്നും തുടർന്ന് ബസിൽ കയറി പോകുന്നത് കണ്ടതായും നാട്ടുകാർ മൊഴി നൽകിയിരുന്നു. രജനിയുടെ മരണശേഷം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുബിന്റെ മരണത്തോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ഈ ദിശയിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.