അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി ഹൈദരാബാദിൽ പിടിയിൽ
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിലായി. വയനാട് സ്വദേശി ഷിന്റോയെയാണ് ഹൈദരാബാദിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഷിന്റോയുടെ സുഹൃത്തുക്കളായ രണ്ട് വയനാട് സ്വദേശികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതിയും വലയിലായത്.
നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഷിന്റോയെ, കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് പൊലീസും കേരള പൊലീസും ചേർന്ന് സംയുക്തമായി പിടികൂടിയത്. ഇയാളെ ഉടൻ കേരളത്തിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ബിആർസി അധ്യാപികമാരായ മൂന്നുപേർ പ്രതികളായ വടകര എംഡിഎംഎ കേസ് നേരത്തെ വലിയ വാർത്തയായിരുന്നു. കേസിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇടനിലക്കാരായി പ്രവർത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തിയ ഈ മൂന്ന് അധ്യാപികമാർക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസിലെ മുഖ്യ കണ്ണി ഷിന്റോയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പൊലീസ് വിപുലമായ തെരച്ചിൽ നടത്തിവരികയായിരുന്നു. കേസന്വേഷണം മന്ദഗതിയിലാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചത്.
