വലിയങ്ങാടി അപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; കെട്ടിട ഉടമയുടെ നടപടിയിൽ പ്രതിഷേധം

  1. Home
  2. Kerala

വലിയങ്ങാടി അപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; കെട്ടിട ഉടമയുടെ നടപടിയിൽ പ്രതിഷേധം

kozhikode


കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് നാലുപേർ മരിച്ച ദാരുണ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കോർപ്പറേഷനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉടൻ തന്നെ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

അതേസമയം, ദുരന്തം നടന്ന കെട്ടിടത്തിൽ വീണ്ടും സ്ഥാപനം നടത്തുമെന്ന നിലപാടുമായി 'ശ്രീ ഗണേശ് ട്രേഡേഴ്സ്' ഉടമ വിജയ് സിങ് രംഗത്തെത്തിയത് വലിയ സംഘർഷത്തിന് കാരണമായി. കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയിൽ വിശ്വാസമില്ലെന്നും, എൻ.ഐ.ടി (NIT) സംഘം കെട്ടിടം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിടത്തിന് ബലക്ഷയമില്ലെന്നും സ്ലാബ് തകർന്നുവീണത് മാത്രമാണ് പ്രശ്നമെന്നും വിജയ് സിങ് വാദിച്ചു.

സ്ഥാപനം ഒഴിയണമെന്ന് നിർദ്ദേശിച്ച് കോർപ്പറേഷൻ അധികൃതർ പതിപ്പിച്ച നോട്ടീസ് ഉടമ പരസ്യമായി പറിച്ചു കളഞ്ഞത് സ്ഥലത്ത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഇതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന തൊഴിലാളികളും ഉടമയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും പോലീസ് ഇടപെട്ട് വിജയ് സിങ്ങിനെ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. നിലവിൽ സൂപ്രണ്ടിങ് എൻജിനീയർ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം കെട്ടിടത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്.