ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചു;
ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാലയിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലാണ് വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത്. മന്ത്രിമാരായ റോജി എം. ജോണും ഒ. ജെ. ജനീഷും ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി പങ്കെടുത്ത സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂർണമായും ആലപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരമാണ് ഗാനം പൂർണമായി ആലപിച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം.
പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
