ഓണം വാരാഘോഷ സമാപന വേദിയിൽ പൂർണരൂപത്തിൽ വന്ദേമാതരം ആലപിച്ചു; പ്രോട്ടോക്കോൾ പ്രകാരമെന്ന് സർക്കാർ
സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായും ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ എന്നിവരുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാനത്തിന് ഇടപെടാൻ സാധിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരിപാടിയുടെ ഉദ്ഘാടന വേദിയിലെ റിഹേഴ്‌സലിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നതായി പ്രോട്ടോക്കോൾ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.
