വി.ഡി. സതീശൻ ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ തിങ്കളാഴ്ച; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും ക്ഷണം
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കും. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തിയ വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ദേശീയ നേതാക്കളുടെ വലിയൊരു നിര തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്തെത്തും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ എത്തും.
അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി വിജയ്‌യെയും ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച് സതീശനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുത്തു.
