ഗവര്‍ണറുടെ നിര്‍ദേശം തള്ളി വി.ഡി സതീശൻ; രാഹുൽ ഗാന്ധിയും ദേശീയ നേതാക്കളും സത്യപ്രതിജ്ഞാ വേദിയിലെത്തും

  1. Home
  2. Kerala

ഗവര്‍ണറുടെ നിര്‍ദേശം തള്ളി വി.ഡി സതീശൻ; രാഹുൽ ഗാന്ധിയും ദേശീയ നേതാക്കളും സത്യപ്രതിജ്ഞാ വേദിയിലെത്തും

v. d satheesan


കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ്രോട്ടോക്കോൾ വിഷയത്തിൽ ഗവർണറും നിയുക്ത മുഖ്യമന്ത്രിയും തമ്മിൽ കടുത്ത ഭിന്നത. സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും കാബിനറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന രാജ്ഭവന്റെ (ലോക്ഭവൻ) കർശന നിർദ്ദേശം നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തള്ളി. തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയ അതേ മാതൃക കേരളത്തിലും വേണമെന്നാണ് വി.ഡി സതീശന്റെ ശക്തമായ നിലപാട്. എന്നാൽ പ്രോട്ടോക്കോൾ ലംഘനം അനുവദിക്കാനാകില്ലെന്ന് രാജ്ഭവൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ നിർദ്ദേശം മറികടന്ന് മുന്നോട്ട് പോകാനാണ് യു.ഡി.എഫ് നീക്കം.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞാ ചടങ്ങിനായി വേദിയിൽ എത്തുന്നതിന് മുമ്പ് തന്നെ പുതിയ മന്ത്രിമാരും ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും വേദിയിൽ ഇരിപ്പിടം ഉറപ്പാക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പം ക്ഷണിക്കപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വേദിയിലുണ്ടാകുമെന്ന് പ്രോട്ടോക്കോൾ വിഭാഗം നേരത്തെ തന്നെ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് കർശന നിലപാടെടുത്തത്. എന്നാൽ രാജ്ഭവൻ നിർദ്ദേശം തള്ളി കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ വേദിയിൽ തന്നെ ഇരിക്കുമെന്നാണ് പുതിയ വിവരം. ഭരണമാറ്റത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഗവർണറും പുതിയ സർക്കാരും തമ്മിലുള്ള പോര് ഇതോടെ പരസ്യമായിരിക്കുകയാണ്.

അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാന നഗരിയിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ചടങ്ങ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ രാവിലെ 6 മണി മുതൽ വൈകീട്ട് 4 മണി വരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രത്യേക പാസ് മുഖേന മാത്രമാണ് പൊതുജനങ്ങൾക്കും വി.ഐ.പികൾക്കും പ്രവേശനം അനുവദിക്കുന്നത്. രാവിലെ 8 മണി മുതൽ 9 മണി വരെ മാത്രമായിരിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. സുരക്ഷാ കാരണങ്ങളാലും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണിത്. സ്റ്റേഡിയത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കാത്ത ജനങ്ങൾക്കായി നഗരത്തിന്റെ വിവിധ തന്ത്രപ്രധാനമായ ഇടങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണിക്കുന്നതിനായി വലിയ എൽ.ഇ.ഡി (LED) സ്‌ക്രീനുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്.