വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണമെന്ന് കെ.എൻ. ബാലഗോപാൽ
സംസ്ഥാന സർക്കാന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരേ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.സംസ്ഥാനത്തിന്റെ കടബാധ്യത സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ചിരുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ധവളപത്രത്തിൽ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം കേരളത്തിന്റെ ആകെ കടം ഏകദേശം 5.07 ലക്ഷം കോടി രൂപയാണെന്നും, പ്രതിപക്ഷം പറയുന്ന 6 ലക്ഷം കോടി എന്ന കണക്ക് യാഥാർത്ഥ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.1.25 ലക്ഷം കോടി രൂപയോളം സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ടെന്ന മുൻപത്തെ വാദവും പൊളിഞ്ഞു. ധവളപത്രത്തിൽ 48,000 കോടി രൂപയെന്നാണ് പറയുന്നത്. രേഖകൾ കള്ളം പറയില്ല എന്നും അദ്ദേഹം പറഞ്ഞു.തെറ്റായ കണക്കുകൾ പറഞ്ഞ് നടത്തിയ പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും, ഇതിന് പ്രതിപക്ഷ നേതാവ് കേരള ജനങ്ങളോട് മാപ്പ് പറയേണ്ടതുണ്ടെന്നും മുൻ ധനമന്ത്രി അഭിപ്രായപ്പെട്ടു.
ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും അതു സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊടുക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഖജനാവിനകത്തെ വിവരങ്ങൾക്ക് രഹസ്യസ്വഭാവം പുലർത്തണം. ഇന്ദിരാ ഗാരന്റിക്ക് വരുന്ന ചെലവുകളും ഇതേപോലെ ഈ വിഭാഗത്തെക്കൊണ്ടുതന്നെ പഠിപ്പിച്ച് യഥാർഥ ചെലവ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.ധവളപത്രം തയ്യാറാക്കുമ്പോൾ എന്തുകൊണ്ടാണ് ഈ സ്ഥിതിയിലേക്ക് വന്നതെന്നുകൂടി അതിൽ വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള പണം ഏതൊക്കെയാണെന്നടക്കം വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രം സംസ്ഥാനത്തിനുവേണ്ട പല വിഹിതങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ജി.എസ്.ഡി.പി.യുടെ 39 ശതമാനംവരെ ഉയർന്നിരുന്ന കടബാധ്യത ഇപ്പോൾ 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
