കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച അധികാരമേൽക്കും; ഇന്ന് ഗവർണറെ കാണും
ഉദ്വേഗഭരിതമായ പത്ത് ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വൈകിട്ട് നാലിന് ചേരുന്ന യുഡിഎഫ് എംഎൽഎമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് ഇന്ന് തന്നെ വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.
കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ട ശേഷം വി.ഡി. സതീശൻ പ്രതികരിച്ചു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഈ പദവിക്ക് പ്രാപ്തനാക്കിയത്. 'ടീം യുഡിഎഫ്' ആണ് തന്നെ ഈ നിലയിലെത്തിച്ചത്. കേരളത്തിലെ ജനങ്ങൾ നൽകിയ വലിയ ഉത്തരവാദിത്തം പൂർണ്ണമായ അർപ്പണബോധത്തോടെ നിർവഹിക്കുമെന്നും, ജനങ്ങളോട് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി പുതിയ കേരളം സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ അംഗീകാരത്തേക്കാൾ ഉപരി എഐസിസി തന്നിൽ അർപ്പിച്ച വിശ്വാസമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് എടുത്തത് ഏറ്റവും നല്ല തീരുമാനമാണെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. വൈകുംതോറും മധുരം കൂടുമെന്നും ജനവികാരം മാനിച്ച് രാഹുൽ ഗാന്ധിയാണ് കൃത്യമായ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രമേശ് ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗവും ഇന്ന് വൈകിട്ട് നടക്കും.
