ലോക്ഭവനിലെ സസ്യാഹാര നിർദേശം: ഗവർണർക്കെതിരെ കെ.സി. വേണുഗോപാൽ

  1. Home
  2. Kerala

ലോക്ഭവനിലെ സസ്യാഹാര നിർദേശം: ഗവർണർക്കെതിരെ കെ.സി. വേണുഗോപാൽ

kc venugopal  


ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കും മുമ്പേ നൽകിയ നിർദേശം കടന്ന കൈയായിപ്പോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമർശിച്ചു.

സമ്മിശ്ര ഭക്ഷണസംസ്‌കാരമുള്ള കേരളത്തിൽ എന്ത് കഴിക്കണമെന്ന് ആരും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഗവർണർ സ്വന്തം ഭക്ഷണരീതി പിന്തുടരുന്നതിൽ തടസ്സമില്ല. എന്നാൽ, മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ ജോലി ചെയ്യുന്ന ലോക്ഭവന്റെ അടുക്കളയിൽ ഗവർണറുടെ താത്പര്യത്തിനനുസരിച്ച് മാത്രം ഭക്ഷണം പാകം ചെയ്യണമെന്ന നിർദേശം അംഗീകരിക്കാനാകില്ല. ഭക്ഷണസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന നടപടിയിൽനിന്ന് ഗവർണർ പിന്മാറണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.