വാഹന മോഡിഫിക്കേഷൻ നയം: 18 തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

  1. Home
  2. Kerala

വാഹന മോഡിഫിക്കേഷൻ നയം: 18 തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

mvd


തെരഞ്ഞെടുപ്പിനു മുൻപ് വി.ഡി. സതീശൻ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷനുള്ള അനുമതി.ഇതുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ഗതാഗത കമ്മിഷണർ .വാഹനങ്ങളിൽ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കുന്നതിനൊപ്പം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാവുന്ന തരത്തിൽ മാന്യമായിരിക്കണം ചിത്രങ്ങൾ.വാഹനത്തിനുള്ളിൽ രസകരമായ പല നിറത്തിലുള്ള ലൈറ്റുകൾ അനുവദിക്കും. പാട്ടൊക്കെയായി അടിച്ചു പൊളിച്ച് പോകാൻ കൂടുതൽ സ്പീക്കറുകളും അനുവദിക്കും. സീറ്റ് കവർ, ഫ്‌ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ,ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, പാർക്കിങ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്‌സ്, എന്നിവയും അനുവദിക്കും. അതോടൊപ്പം അൻപതു ശതമാനത്തിൽ കൂടുതൽ കാഴ്ച മറയ്ക്കാത്ത സൺഫിലിംസ് അനുവദിക്കും.

എന്നാൽ, വലിയ മാറ്റങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം റൂൾ 112 പ്രകാരം മുൻകൂർ അനുമതി നിർബന്ധമാണ്. വാഹനത്തിന്റെ നിറം, എഞ്ചിൻ, ചേസിസ് ഫ്രെയിം എന്നിവ മാറ്റുന്നതിനും പ്രത്യേക അനുമതി വേണം. എൽപിജി - സിഎൻജി കിറ്റുകൾ ഘടിപ്പിക്കാനും, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനും, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിൽ രൂപമാറ്റം വരുത്താനും ആർടിഒയുടെ അനുമതിയോടെ ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വാഹന ആൾട്ടറേഷൻ സംബന്ധിച്ച സുപ്രധാന വകുപ്പായ 'സെക്ഷൻ 52' പരാമർശിക്കാതെയാണ് പുതിയ റിപ്പോർട്ട് തയ്യാാക്കിയിരിക്കുന്നത്. ഗതാഗത കമ്മീഷണർ തയാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം.