ആർസിയും മൊബൈൽ നമ്പറും ബന്ധിപ്പിച്ചില്ലേ?; ചിലപ്പോൾ കോടതി കയറേണ്ടിവരും
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന അറുപത് ശതമാനം വാഹന രേഖകളിലും നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകൾ കൃത്യമല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. ചിലർ ഫോൺനമ്പർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ ബന്ധിപ്പിക്കാത്തതാണെങ്കിൽ ചിലരുടെ നമ്പർ തെറ്റിനൽകിയതാണ് പ്രശ്നം.
ഇത്തരത്തിൽ മൊബൈൽ നമ്പർ കൃത്യമായി നൽകാതിരുന്നാൽ, എ ഐ ക്യാമറയിലുടെയും മറ്റും ശ്രദ്ധയിൽപ്പെടുന്ന നിയമ ലംഘനങ്ങങ്ങൾക്ക് പിഴ ചുമത്തിയ വിവരം നിങ്ങൾ അറിയാതെ പോകും.
വാഹനം വിൽക്കുകയോ, പണയം വയ്ക്കുകയോ ഒക്കെ ചെയ്യാൻ എംവിഡിയുമായി ബന്ധപ്പെടുമ്പോഴായിരിക്കും നിങ്ങൾ ഇക്കാര്യം അറിയുക. പിഴ ചുമത്തി മൂന്ന് മാസം മാത്രമേ അത് നിങ്ങൾക്ക് ഓൺലൈനായി അടക്കാൻ സാധിക്കുകയുള്ളൂ. ഈ സമയ പരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് മാറും. കോടതി നടപടികൾക്ക് ശേഷം മാത്രമേ നിങ്ങൾക്ക് പിഴ അടക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, പുതുതായി വാഹനം വാങ്ങിയവർക്ക് ഈ പ്രശ്‌നം വരാൻ സാദ്ധ്യത കുറവാണ്. ഇവർ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ നമ്പറുമായി ബന്ധിപ്പിക്കുന്നുണ്ട്.