വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു; മരണസംഖ്യ നാലായി
തിരുവനന്തപുരം വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫൽ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.
ബാറിന് തീപിടിച്ച സമയത്ത് 50 ശതമാനത്തിലേറെ പൊള്ളലേറ്റ നൗഫൽ, ഓടിരക്ഷപ്പെട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പൊള്ളലേറ്റ ഉടൻ കുളത്തിൽ ചാടിയതിനെ തുടർന്നുണ്ടായ രൂക്ഷമായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മദ്യപാനത്തിനിടയിലെ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ നവാസും പ്രതിയായ അനീഷും മുൻപ് മരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവാവായ രതീഷിനെ സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
