വെഞ്ഞാറമൂട് കൂട്ടക്കൊല; കുടുംബസമേതം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം, ആരെങ്കിലും രക്ഷപ്പെട്ടാലോ എന്ന വിഷമത്തിൽ കൃത്യം സ്വയം നടത്തി: അഫാന്റെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബസമേതം ആത്മഹത്യ ചെയ്യുന്ന കാര്യം സുഹൃത്ത് ഫർസാനയെ അറിയിച്ചിരുന്നു. ഒപ്പം മരിക്കണമെന്ന് അഫാൻ ഫർസാനയോട് ആവശ്യപ്പെട്ടു. ഫർസാന എതിർക്കുകയും തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. കൊലപാതകത്തിന് തലേ ദിവസമാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്കുള്ള അന്തിമതീരുമാനം എടുത്തത്. ആരെങ്കിലും രക്ഷപ്പെട്ടാലോ എന്ന വിഷമത്തിൽ കൃത്യം സ്വയം ഏറ്റെടുത്തുവെന്നും പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ പ്രതി വ്യക്തമാക്കുന്നു.
പ്രതി അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എലിവിഷം കഴിച്ച് അഫാന്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അഫാനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെ പ്രത്യേക സെല്ലിലാവും പ്രതി തുടരുക. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നെടുമങ്ങാട് കോടതി രണ്ട് മജിസ്ട്രേറ്റ് പി ആര്‍ അക്ഷയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി അഫാനെ റിമാന്‍ഡ് ചെയ്തത്.
അതേസമയം, പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹീം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടു. ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഇളയ മകൻ അഫ്‌സാനെ കുറിച്ചാണ് കൂടുതലായും ചോദിക്കുന്നതെന്നും റഹീമിന്റെ സുഹൃത്ത് അബൂബക്കർ പറഞ്ഞു.