മുതിർന്ന ചലച്ചിത്ര മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു
മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂർവ്വം' ആണ് അദ്ദേഹം ഒടുവിൽ പ്രവർത്തിച്ച ചിത്രം.
പതിനാറാം വയസ്സിൽ നടൻ സത്യന്റെ പേഴ്സണൽ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ മലയാള സിനിമയിലെത്തുന്നത്. പിന്നീട് പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിന്റെ സഹായിയായും തമിഴിൽ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചു. 1972-ൽ പുറത്തിറങ്ങിയ 'പുള്ളിമാൻ' എന്ന ചിത്രത്തിൽ എം.ഓ. ദേവസ്യയുടെ സഹായിയായാണ് മേക്കപ്പ് രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ചമയ സഹായിയായി പ്രവർത്തിച്ചു.
1978-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'മദാലസ' എന്ന ചിത്രത്തിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ ചമയമൊരുക്കിയ അദ്ദേഹം കമൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്ഥിരം മേക്കപ്പ്മാനായി മാറി. 2001-ൽ കമൽ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
തെലുങ്ക് താരങ്ങളായ എൻ.ടി.ആർ, എസ്.വി.ആർ, കൃഷ്ണ എന്നിവർക്കൊപ്പവും തമിഴിൽ രജനികാന്ത്, കമൽഹാസൻ തുടങ്ങിയ പ്രമുഖർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 'യോദ്ധ', 'ആറാം തമ്പുരാൻ', 'ഭാഗ്യദേവത', 'അലിഭായ്', 'ബ്ലാക്ക്', 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ.
