മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

  1. Home
  2. Kerala

മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

IMAGE


മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം.

90-ാം പിറന്നാളാഘോഷത്തിനുള്ള കുടുംബത്തിന്റെ ഒരുക്കങ്ങൾക്കിടെയാണ് മരണം. ആദ്യകാല സിനിമാ നിർമ്മാണ-വിതരണ കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ച എൻ.ജി. ജോൺ, മലയാള സിനിമയുടെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്സ്. ജോർജിന്റെ മകനാണ്.

മലയാള സിനിമയുടെ നിർമ്മാണ-വിതരണ മേഖലയിൽ ഏഴ് പതിറ്റാണ്ടിലേറെ സജീവമായിരുന്നു ജിയോ കുട്ടപ്പൻ. നിരവധി തവണ ഫിലിം ചേംബർ ഭാരവാഹിയായിരുന്ന അദ്ദേഹം ആറു വർഷം കേരള ഫിലിം ചേംബർ പ്രസിഡന്റായും പ്രവർത്തിച്ചു.

ഐ.വി. ശശി സംവിധാനം ചെയ്ത ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈ നാട്, ഇനിയെങ്കിലും, ഇത്രയും കാലം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു. മിനിമോൾ, രജനീഗന്ധി, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, ഉണരൂ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങി.

മലയാള സിനിമയിലെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം എഴുതിയ പുസ്തകമാണ് 'സിനിമയും ഞാനും - 70 വർഷങ്ങൾ'. വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡിലെ തോപ്പിൽ മേരി കൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ജിയോ കുട്ടപ്പന് ആദരാഞ്ജലികൾ അർപ്പിച്ചു.