കൈക്കൂലിക്കേസ്: കൂടുതൽ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ, സുരേഷ് റിമാൻഡിൽ

  1. Home
  2. Kerala

കൈക്കൂലിക്കേസ്: കൂടുതൽ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ, സുരേഷ് റിമാൻഡിൽ

CASH


കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാർ(51) അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ. സുരേഷ് കുമാറിൽനിന്ന് ലക്ഷങ്ങൾ കണ്ടെടുത്തതോടെയാണ് വില്ലേജ് ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതേസമയം, സുരേഷ്‌കുമാർ കൈക്കൂലി വാങ്ങുന്നത് തനിക്കറിയില്ലെന്നായിരുന്നു പാലക്കയം വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന് നൽകിയ മൊഴി. താൻ ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും വില്ലേജ് ഓഫീസർ മൊഴി നൽകിയിട്ടുണ്ട്.

പിടിയിലായ സുരേഷ്‌കുമാർ ഒരുമാസമായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇതിനിടെയാണ് ഇയാൾക്കെതിരേ പരാതി ലഭിച്ചത്. മന്ത്രി നടത്തിയ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വിജിലൻസ് സംഘം സുരേഷ്‌കുമാറിനെ പിടികൂടിയത്. ഇയാളുടെ വാടകമുറിയിൽ നടത്തിയ പരിശോധനയിൽ പണമായി മാത്രം 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. 17 കിലോ നാണയങ്ങളും പിടിച്ചെടുത്തു. ഇത് 9508 രൂപയുണ്ടായിരുന്നു. ഇതിനുപുറമേ 71 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.

പണം മാത്രമല്ല, എന്തുസാധനം കിട്ടിയാലും സുരേഷ് വാങ്ങിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളുടെ വാടകമുറിയിൽനിന്ന് തേനും കുടംപുളിയും 150 പേനകളും പത്തോളം പുതിയ ഷർട്ടുകളും കിടക്കവിരികളും കണ്ടെടുത്തിട്ടുണ്ട്. അലങ്കോലമായി വൃത്തിയില്ലാതെ കിടന്നിരുന്ന മുറിയിൽ പണം മാത്രമാണ് സുരേഷ്‌കുമാർ ഭദ്രമായി സൂക്ഷിച്ചിരുന്നത്. വീടുവെക്കാനായാണ് അഴിമതിയിലൂടെ പണം സമ്പാദിച്ചതെന്നാണ് ഇയാൾ വിജിലൻസിന് നൽകിയ മൊഴി. കഴിഞ്ഞദിവസം തൃശ്ശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ ഏഴുവരെ റിമാൻഡ് ചെയ്തു. വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ജില്ലാ കളക്ടറും ഉത്തരവിറക്കി.