വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി. ഷൈബു മുണ്ടയ്ക്കലിന്
വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്‌കാരം ഇത്തവണ കവി കെ. ഡി. ഷൈബു മുണ്ടയ്ക്കലിന് 'ഇടതുകഴുവിലെ കള്ളൻ' എന്ന കവിതാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
കെ ബി പ്രസന്ന കുമാർ, കവി ഇന്ദിര അശോക്,പ്രദീപ് പനങ്ങാട് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. ഭാഷയുടെ വേറിട്ട സൗന്ദര്യവും ആവിഷ്‌കാരത്തിന്റെ പുതുമയും ഉള്ളടക്കത്തിന്റെ സമകാലികതയും കെ ഡി ഷൈബു മുണ്ടയ്ക്കലിന്റെ കവിതകളുടെ സവിശേഷതകളാണന്ന് ജൂറി വിലയിരുത്തി. മാർച്ച് ആദ്യവാരം തിരുവനന്തപുരത്തു വച്ച് പുരസ്‌കാര സമർപ്പണം നടത്തുമെന്നു സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട്, ജനറൽ സെകട്ടറി ആർ എസ് അജിത് എന്നിവർ അറിയിച്ചു.
