ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അക്രമം: പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതിനും ആക്രമിക്കുന്നതിനും പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തരേന്ത്യയിലും കേരളത്തിലെ പാലക്കാട്ടും കരോൾ സംഘങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് ബിജെപി-സംഘപരിവാർ പ്രവർത്തകർ സംഘർഷമുണ്ടാക്കിയതും, ദൽഹിയിൽ മലയാളികൾ ഉൾപ്പെടെയുള്ള കരോൾ സംഘത്തെ ബജറംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നത് അനുവദിക്കില്ലെന്നും ചില സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തെ ഹീനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അപരവിദ്വേഷത്തിന്റെ ആശയത്തിൽ ആകൃഷ്ടരായവരാണ് ഇതിന് പിന്നിലെന്നും യുപി മോഡൽ അക്രമം കേരളത്തിൽ പറിച്ചുനടാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട രാംനാരായണനെ ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്താൻ ശ്രമം നടന്നു. ഇത്തരം പ്രവണതകൾ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. കിഫ്‌ബിയുടെ വായ്പകളെ കേരളത്തിന്റെ പൊതുകടമായി കണ്ട് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം കൈവരിച്ച നേട്ടങ്ങളെ സഹായം നിഷേധിക്കാനുള്ള കാരണമായി കേന്ദ്രം ഉപയോഗിക്കുന്നു. ലോട്ടറിക്ക് വരെ അമിത നികുതി ചുമത്തി വലിയ സാമ്പത്തിക ഉപരോധമാണ് കേന്ദ്രം സൃഷ്ടിക്കുന്നത്. ഈ നീതികേടിനെതിരെ ഒരുമിച്ച് ശബ്ദമുയർത്താൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും, കേന്ദ്രത്തിന് നിവേദനം നൽകാനോ പാർലമെന്റിൽ പ്രതിഷേധിക്കാനോ യുഡിഎഫ് എംപിമാർ തയ്യാറാകാത്തത് കേന്ദ്രത്തെ സഹായിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
